
ദോഹ: ഖത്തറിലെ ഹ്യുമാനിറ്റീസ് (Literacy and Humanities) സ്ട്രീമിൽ പ്ലസ് ടു/ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ഇനി ഉന്നതവിദ്യാഭ്യാസ രംഗത്ത് സയൻസ്, ടെക്നോളജി വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമുമായി (ABP) സഹകരിച്ച് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് (MOEHE) ഈ ചരിത്രപരമായ പദ്ധതി പ്രഖ്യാപിച്ചത്.
മന്ത്രാലയത്തിന്റെ ഹയർ എഡ്യൂക്കേഷൻ അഫയേഴ്സ് സെക്ടർ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ പദ്ധതി പ്രകാരം ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമിലെ 'സ്റ്റെം' (STEM - Science, Technology, Engineering, and Mathematics) ട്രാക്കിൽ പ്രവേശനം നേടാം. രാജ്യാന്തര നിലവാരത്തിലുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനുള്ള യോഗ്യത ലഭിക്കും.
അക്കാദമിക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പുറമെ ബയോളജി, കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ അടിസ്ഥാന സയൻസ് വിഷയങ്ങളിലുള്ള അറിവും കഴിവും വർദ്ധിപ്പിക്കുന്നതിനാണ് ഈ പ്രോഗ്രാം പ്രാധാന്യം നൽകുന്നത്. ഖത്തറിനകത്തും പുറത്തുമുള്ള പ്രമുഖ സർവ്വകലാശാലകളുമായി അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമിനുള്ള പങ്കാളിത്തം വഴി, വിദ്യാർത്ഥികൾ ഇവിടെ ചെലവഴിക്കുന്ന ഒരു വർഷം അവരുടെ സർവ്വകലാശാലാ പഠനത്തിന്റെ ഭാഗമായിത്തന്നെ അംഗീകരിക്കപ്പെടും.
ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ ഉന്നതപഠന സാധ്യതകൾ വിപുലീകരിക്കുന്നതിനും രാജ്യത്തിന് ആവശ്യമുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി വലിയൊരു തന്ത്രപ്രധാന ചുവടുവെപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. അറിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഖത്തറിന്റെ ലക്ഷ്യങ്ങൾക്ക് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയവുമായുള്ള ഈ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നുനൽകുന്നതാണെന്ന് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാം ഡയറക്ടർ ഡോ. സഹീം ഖലഫ് അൽ തമീമി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാൻ വിദ്യാർത്ഥികളെ ഈ കോഴ്സ് പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹൈസ്കൂൾ ഡിപ്ലോമയിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം എന്നതാണ് ഈ പദ്ധതിയിലേക്കുള്ള പ്രവേശന യോഗ്യത. കൂടാതെ ഐ.ഇ.എൽ.ടി.എസ് (IELTS) പരീക്ഷയിൽ കുറഞ്ഞത് 4.5 ബാൻഡ് സ്കോർ ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിലെ പ്ലേസ്മെന്റ് ടെസ്റ്റുകൾ പാസാകുന്നവർക്ക് അംഗീകൃത പ്രവേശന സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് യുവതലമുറയെ പ്രാപ്തരാക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.










